Tuesday, 26 February 2013

പാതി മുറിഞ്ഞൊരു സുന്ദര സ്വപ്നത്തിന്‍
ആലസ്യമിപ്പോഴും വിട്ടോഴിഞ്ഞില്ലതിന്‍ 
പൊട്ടിയ കഷണങ്ങള്‍  ചേര്‍ത്തു വെച്ചിന്നൊരു 
പുതിയ സ്വപ്നത്തിന്‍ പണിപ്പുരയിലാണ് ഞാന്‍  


പൂനിലാവിന്‍ കരതലത്തില്‍ തല ചായ്ച്ചു
ഉറങ്ങാന്‍ കിടന്നൊരു തൈമുല്ല മൊട്ടു പോല്‍
നിന്‍ പ്രണയനിലാവില്‍ മുഖം ചേര്‍ത്ത് 
പുതിയൊരു പുലരിയിലേക്ക് തിരിക്കവെ


എത്തി ഞാന്‍  ഇതുവരെ കാണാത്ത നിന്‍ 
ഹൃദയ കൊട്ടാര മുറ്റത്തെ പൂവാടിയില്‍  
ചാമരം വീശുന്നു വെണ്‍ മേഘജാലങ്ങള്‍ 
സുഗന്ധം പരത്തുന്നു പനിനീര്‍ പൂവുകള്‍


ഒഴുകിയെത്തും ഇളം കാറ്റിനിരുന്നാടാന്‍ 
ഊഞ്ഞാല് തീര്‍ക്കുന്നു വര്‍ണ മഴവില്ല്
മിന്നി തിളങ്ങുന്ന മഞ്ഞുത്തുള്ളികള്‍ 
മണിമാല ചാര്‍ത്തുന്ന പുല്‍തലപ്പുകള്‍


പ്രകൃതി തന്‍ കൈ തട്ടി ചിതറി തെറിച്ച 
നിറങ്ങള്‍ മിഴിവേകുന്ന ചിത്രശലഭങ്ങള്‍ 
കണ്ണിലും കരളിലും പുതിയൊരു നിര്‍വൃതി
ചേര്‍ത്ത് വെച്ചിന്നവയ്ക്കൊപ്പം പറന്നു ഞാന്‍


നിന്നു നിന്‍ ഹൃദയ കവാടത്തിന്‍ മുന്നില്‍ 
ഒരു മാത്ര എന്‍ ഹൃദയം എന്തിനെന്നറിയാതെ 
കൈനീട്ടി ആ വാതില്‍ തുറക്കുന്നതിന്‍ മുന്‍പേ
കാത്തിരിപ്പിന്‍ മഞ്ഞുരുകുന്നതിന്‍ മുന്‍പേ


എത്തി ഞാന്‍ പുതിയൊരു പുലരിതന്‍ തീരത്ത്
അവിടെ നീയില്ല പൂവില്ല പൂമ്പാറ്റകളില്ല 

പൊന്‍ പ്രഭാതതിന്‍ തൂവേളിച്ചതിലാ 
 മാസ്മര കാഴ്ചകളെല്ലാം മറഞ്ഞു പോയി

ഞാന്‍ ആ മണിവാതില്‍ തള്ളി തുറന്നുവോ

നീ തുറന്നെന്നെ അകത്തേക്ക് ക്ഷണിച്ചുവോ
മാറോട്‌ ചേര്‍ത്തെന്നെ  പുല്‍കി നീ എന്‍ കാതില്‍
കാത്തിരിക്കയായിരുന്നെന്നു മന്ത്രിച്ചുവോ


പാതിവഴിയില്‍ മുറിഞ്ഞൊരു സ്വപ്നത്തിന്‍ 
കൊഴിഞ്ഞ നിമിഷങ്ങള്‍ താലോലിക്കുവാന്‍
സങ്കല്‍പ്പദളങ്ങള്‍ ചേര്‍ത്തുവച്ചിന്നൊരു 
പുതിയ സ്വപ്നത്തിന്‍ പണിപ്പുരയിലാണ് ഞാന്‍ 

No comments:

Post a Comment